പിവി അൻവര്‍ എംഎല്‍എയുടെ വീട്ടിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം; അൻവറിന് അഭിവാദ്യങ്ങള്‍ അറിയിച്ച ഫ്ലക്സ് ബോര്‍ഡുമായി കെ കരുണാകരൻ ഫൗണ്ടേഷൻ
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്.
പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ച് എന്നും ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുണ്ട്. ഇതിനിടെ, പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം തുവ്വൂരിൽ പിവി അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്. പിവി അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്