കെവൈസി ഇല്ലാതെ ബാങ്ക് അക്കൗണ്ട്, പണം എത്തിയ വഴി സിപിഎം വിശദീകരിക്കണം: കരുവന്നൂരിൽ കടുപ്പിച്ച് ഇഡ‍ി

  1. Home
  2. Trending

കെവൈസി ഇല്ലാതെ ബാങ്ക് അക്കൗണ്ട്, പണം എത്തിയ വഴി സിപിഎം വിശദീകരിക്കണം: കരുവന്നൂരിൽ കടുപ്പിച്ച് ഇഡ‍ി

karivanoor


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് ലോക്കൽ കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് വിവരങ്ങളാണെന്ന് ഇഡി. കരുവന്നൂര്‍ ബാങ്കിൽ പുറത്തശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടേതായി അഞ്ച് അക്കൗണ്ടുകൾ ഉണ്ട്. ഇതിന് കെവൈസി രേഖകളില്ല. ഇവയിൽ ബെനാമി ലോൺ വഴി ലഭിച്ച പണം നിക്ഷേപിച്ചതായി സംശയിക്കുന്നുണ്ട്. സിപിഎം നേതാക്കൾ നൽകിയത് ഏരിയ കമ്മിറ്റിയുടെ വിവരങ്ങൾ മാത്രമാണെന്നും ലോക്കൽ- ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങൾ കൈമാറിയില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. ഇതിനായി സിപിഎമ്മിന്റെ ഉന്നത നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ഇഡി സമൻസ് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു. രഹസ്യമായ ഒരു അക്കൗണ്ടും പാര്‍ട്ടിക്കില്ല. എല്ലാ ചോദ്യം ചെയ്യലിനും സഹകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമാണ്. അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട ഒരു കാര്യവുമില്ല. സിപിഎമ്മിന് ഒന്നും മറയ്ക്കാൻ ഇല്ല. ആരെന്തൊക്കെ പ്രതികൂല തടസം സൃഷ്ടിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കും. ഏരിയാ കമ്മിറ്റികൾ വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാറുള്ളത്. മറ്റ് ഘടകങ്ങൾക്ക് അക്കൗണ്ടുണ്ടാകാം. അതിലെന്താണ് തെറ്റ്? കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡീലെന്ന് വിമര്‍ശിക്കുകയാണ് കോൺഗ്രസ്. അവര്‍ക്കെന്താ പറയാൻ പാടില്ലാത്തത്. വര്‍ഗീയ ശക്തികളുമായി പ്രത്യക്ഷ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.