സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും; പ്രിയാ വർഗീസ് നിയമനം ചർച്ചയാകും

  1. Home
  2. Trending

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും; പ്രിയാ വർഗീസ് നിയമനം ചർച്ചയാകും

cpm


പ്രിയ വർഗീസിന്റെ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അധ്യാപക നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യ എന്ന ഹൈക്കോടതി വിധി സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചർച്ച ചെയ്യും.

കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വർഗ്ഗീസ്. 

പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഈ അഭിമുഖത്തിൽ ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസർ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വർഗ്ഗീസ് അയോഗ്യയാണ്. അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു.