ഇന്ത്യയിലെ 40% എംപിമാർക്കെതിരെയും ക്രിമിനൽ കേസുകൾ; കൂടുതൽ കേരളത്തിൽ, എംപിമാരുടെ ശരാശരി ആസ്തി 38.33 കോടി

  1. Home
  2. Trending

ഇന്ത്യയിലെ 40% എംപിമാർക്കെതിരെയും ക്രിമിനൽ കേസുകൾ; കൂടുതൽ കേരളത്തിൽ, എംപിമാരുടെ ശരാശരി ആസ്തി 38.33 കോടി

Parliament


രാജ്യത്തെ 763 പാർലമെന്റ് അംഗങ്ങളിൽ (എംപിമാർ) 306 (40%) പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷനൽ ഇലക്‌ഷൻ വാച്ചും പുറത്തുവിട്ട പുതിയ റിപ്പോർട്ടിലേതാണ് കണക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് എംപിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നുള്ള വിവരങ്ങങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

25% വരുന്ന 194 എംപിമാർക്കെതിരെയും കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്.  ക്രിമിനൽ കേസുകൾ ഉള്ള എംപിമാരുടെ പട്ടികയിൽ കേരളമാണ് (73%)  ഒന്നാം സ്ഥാനത്ത്. ബിഹാർ (57%), മഹാരാഷ്ട്ര (57%), തെലങ്കാന (50%) എന്നിവയാണ് പട്ടികയിൽ മുൻപന്തിയിലുള്ള മറ്റു സംസ്ഥാനങ്ങൾ. ബിഹാറിലാണ് (50%) ഗുരുതരമായ ക്രിമിനൽ കേസുകളുള്ള എംപിമാർ ഏറ്റവും കൂടുതലുള്ളത്. ഉത്തർപ്രദേശ് (37%), മഹാരാഷ്ട്ര (34%), കേരളം (10%), തെലങ്കാന (9%) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.

പാർട്ടി തിരിച്ചുള്ള കണക്കനുസരിച്ച് പ്രകാരം, ബിജെപിയുടെ 385 എംപിമാരിൽ 139 (36%) പേരും, കോൺഗ്രസിന്റെ 81 എംപിമാരിൽ 43 (53%) പേരും, തൃണമൂല്‍ കോൺഗ്രസിന്റെ 36 എംപിമാരിൽ 14 (39%) പേരും, രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) 6 എംപിമാരിൽ 5 (83%) പേരും സിപിഎമ്മിന്റെ 8 എംപിമാരിൽ 6 (75%) പേരും, ആം ആദ്മി പാർട്ടിയുടെ (എഎപി) 11 എംപിമാരിൽ 3 (27%) പേരും, വൈഎസ്ആർസിപിയിലെ 31 എംപിമാരിൽ 13 (42%) പേരും എൻസിപിയുടെ 8 എംപിമാരിൽ 3 (38%) പേരും  ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമുള്ള ഒരു എംപിയുടെ ശരാശരി ആസ്തി 38.33 കോടി രൂപയാണ്. ക്രിമിനൽ കേസുകളുള്ള എംപിമാരുടെ ശരാശരി ആസ്തി 50.03 കോടി രൂപയും, അല്ലാത്തവരുടെ ശരാശരി ആസ്തി 30.50 കോടി രൂപയുമാണ്. ഏറ്റവും ഉയർന്ന ആസ്തിയുള്ളത് തെലങ്കാനയിൽ നിന്നുള്ള എംപിമാർക്കാണ്. 262.26 കോടി രൂപയാണ് ഇവരുടെ ശരാശരി ആസ്തി. ആന്ധ്രപ്രദേശ് (36 എംപിമാർ – ശരാശരി ആസ്തി 150.76 കോടി), പഞ്ചാബ് (20 എംപിമാർ – ശരാശരി ആസ്തി 88.94 കോടി) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

18.31 കോടി രൂപയാണ് 385 ബിജെപി എംപിമാരുടെ ശരാശരി ആസ്തി. 81 കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 39.12 കോടിയും, 36 തൃണമൂൽ കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 8.72 കോടിയും, 31 വൈഎസ്ആർസിപി എംപിമാരുടെ ശരാശരി ആസ്തി 153.76 കോടിയും, 16 തെലങ്കാന രാഷ്ട്ര സമിതി (ഭാരത് രാഷ്ട്ര സമിതി) എംപിമാരുടെ ശരാശരി ആസ്തി 383.51 കോടിയും, 8 എൻസിപി എംപിമാരുടെ ശരാശരി ആസ്തി 30.11 കോടിയും, 11 എഎപി എംപിമാരുടെ ശരാശരി ആസ്തി 119.84 കോടിയുമാണ്.