യോഗത്തില്‍ പാർട്ടിക്കെതിരെ വിമര്‍ശനം; പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് വി ഡി സതീശന്‍

  1. Home
  2. Trending

യോഗത്തില്‍ പാർട്ടിക്കെതിരെ വിമര്‍ശനം; പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് വി ഡി സതീശന്‍

vd


യുഡിഎഫ് യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനനുസരിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഇറക്കിവിട്ടത്. യോഗത്തിനിടെ യുഡിഎഫ് പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ 'ഇടപെടല്‍'.

കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യുഡിഎഫ് കാസര്‍കോട് പാര്‍ല്‌മെന്റ് മണ്ഡലം നേതൃയോഗത്തിലായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. 3.30ഓടെയാണ് വി ഡി സതീശന്‍ എത്തിയത്. ഇത്രയും സമയം യോഗ ഹാളിലിരുന്ന മാധ്യമ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാക്കളാരും പുറത്ത് പോകണമെന്ന് പറഞ്ഞിരുന്നില്ല.

പ്രതിപക്ഷ നേതാവ് എത്തി അധ്യക്ഷ പ്രസംഗം ആരംഭിച്ചു. ഇതിനിടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയായിരുന്നു. യുഡിഎഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയാണ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം വേണ്ടത്ര ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വി ഡി സതീശനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്തിനായി എഴുന്നേറ്റപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ വി ഡി സതീശന്‍ ആവശ്യപ്പെടുകയായിരുന്നു.