ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണം, കനത്ത മഴ തുടരുന്നു; വിമാനത്താവളം തുറന്നു
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.