തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി

വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കണ്ടത്.
വീട്ടുകാരുമായി പിണങ്ങി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളായിരുന്നു ബാബു. ആക്രി പെറുക്കിയാണ് ഇയാൾ ഉപജീവനം നടത്തിയിരുന്നതെന്നും കടത്തിണ്ണകളിലും വഴിയിൽ നിർത്തിയിട്ടിരുന്ന ബസുകളിലുമാണ് ഇയാൾ ഉറങ്ങിയിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.
കുറേ നാളായി ഓടാതെ നിർത്തിയിട്ടിരുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം കണ്ടത്. സീറ്റുകൾ മുറിച്ചുമാറ്റിയാണ് ബാബുവിന്റെ മൃതദേഹം പുറത്തെടുത്തത്.