കാട്ടാക്കടയിൽ നവജാത ശിശുവിന്റെ മരണം ശ്വാസംമുട്ടി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

  1. Home
  2. Trending

കാട്ടാക്കടയിൽ നവജാത ശിശുവിന്റെ മരണം ശ്വാസംമുട്ടി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

kattakada


കാട്ടാക്കട പൂഴനാട് നവജാത ശിശു മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിന്റെ അമ്മയെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് പൂഴനാട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി വീട്ടിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ചത്.

യുവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പോകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

പ്രസവത്തിനിടയിലുണ്ടായ പരിക്കുകളാണോ മരണകാരണമെന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതോടെ സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ അമ്മ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പോലീസ് നിരീക്ഷണത്തിലാണ്. തന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. ഈ ദമ്പതികൾക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.