ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു

  1. Home
  2. Trending

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു

gaza


ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗാസ സിറ്റിയിൽ മരണസംഖ്യ ഉയരുന്നു. ഇന്നലെ കൊന്നുതള്ളിയത്​ 73 പേരെ. പട്ടിണി മൂലം 6 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിക്ക്​ നേരെ കര, വ്യോമാക്രമണങ്ങൾ തകൃതിയാക്കിയാണ്​ ഇസ്രായേലിൻറെ നരമേധം. ഭക്ഷണം കാത്തുനിൽക്കുന്ന 14 പേരും വെടിയേറ്റ്​ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലും കനത്ത ആക്രമണം തുടരുകയാണ്. ശൈഖ് റദ്‍വാൻ പ്രദേശത്ത് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറിയാൽ 'ഗാസ യുദ്ധം' അവസാനിക്കുമെന്ന്​ യുഎസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞു.

സമഗ്ര വെടിനിർത്തലിന്​ തങ്ങൾ സന്നദ്ധമാണെന്നും യുദ്ധവിരാമവും സൈനിക പിൻമാറ്റവുമാണ്​ വേണ്ടതെന്നും ഹമാസ്​ പ്രതികരിച്ചു. അതേസമയം വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിനുള്ളിൽ പ്രക്ഷോഭം ശക്തമായി. തന്നെ വധിക്കാനാണ്​ പ്രക്ഷോഭകരുടെ നീക്കമെന്നും പുറത്തു നിന്നുള്ളവരുടെ പിന്തുണ പ്രക്ഷോഭകർക്ക്​ ലഭിക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന്​ യുഎൻ ആവശ്യപ്പെട്ടു. ഇസ്രായേലിൻറെ വംശഹത്യാ പദ്ധതി ഇനിയും കണ്ടുനിൽക്കാൻ കഴിയില്ലെന്ന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ മുന്നറിയിപ്പ്​ നൽകി.

ഗസ്സ ലക്ഷ്യമാക്കി സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ട സുമുദ് ​ഫ്ളോട്ടിലക്ക് നേരെ, ഇസ്രായേൽ ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുണ്ട്​. എല്ലാ വെല്ലുവിളിയും മറികടന്ന്​ ഗസ്സയിൽ എത്തിച്ചേരുമെന്ന്​ സംഘാടകർ അറിയിച്ചു.