പാലക്കാട്ടെ തോൽവി; സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

  1. Home
  2. Trending

പാലക്കാട്ടെ തോൽവി; സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

K SURENDRAN


 

പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചായിരുന്നു ആദ്യം സുരേന്ദ്രൻ വിമർശനങ്ങളെ നേരിട്ടത്. കേന്ദ്രം തുടരാൻ നിർദ്ദേശിച്ചതോടെ പിന്നെ മാധ്യമപ്രവർത്തകർക്കായി പഴി. ഇന്നലെ പരിഹാസമെങ്കിൽ ഇന്ന് ഭീഷണിയുടെ ലൈനാണ് കെ സുരേന്ദ്രനുള്ളത്. അച്ചടക്കത്തിൻ്റെ വാളോങ്ങി വിമർശകരെ നേരിടാനാണ് നേതൃത്വത്തിൻ്റെ നീക്കം. പരസ്യവിമർശനം പാടില്ലെന്നാണ് കേന്ദ്ര നിർദ്ദേശം. അതൃപ്തരായ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം അടുത്തമാസം ആദ്യം ചർച്ച നടത്തും.

പരസ്യവിമർശനം ഉന്നയിച്ച ശിവരാജനോടും പ്രമീള ശശിധരനോടും വിശദീകരണം ചോദിക്കാൻ ശ്രമമുണ്ട്. പക്ഷെ പാലക്കാട് എന്തെങ്കിലും നടപടി വന്നാൽ അസംതൃപ്തർ മറുകണ്ടം ചാടുമോ എന്ന് പേടിയും പാർട്ടിക്കുണ്ട്.