തലസ്ഥാനത്തേക്കുള്ള കർഷകരുടെ മാർച്ച് ആരംഭിച്ചു; പോലീസ് നടപടിയിൽ അതിർത്തികളിൽ ഗതാഗതക്കുരുക്ക്

  1. Home
  2. Trending

തലസ്ഥാനത്തേക്കുള്ള കർഷകരുടെ മാർച്ച് ആരംഭിച്ചു; പോലീസ് നടപടിയിൽ അതിർത്തികളിൽ ഗതാഗതക്കുരുക്ക്

delhi-chalo


ഡൽഹിയിലേക്കുള്ളകർഷകരുടെ മാർച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കർഷകർ ഡൽഹിയിലേക്ക് തിരിച്ചത്. മാർച്ച് തടയാനായി ഡൽഹിയുടെ അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുർ തുടങ്ങിയ അതിർത്തികളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പോലീസിന് പുറമെ സായുധസേനയും കർഷക പ്രക്ഷോഭം നേരിടാൻ രംഗത്തുണ്ട്. ഒരാളെ പോലും ഡൽഹിയുടെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാർച്ചിനെ നേരിടാനായി ഒരുക്കിയതെന്ന് ഡൽഹി ഈസ്റ്റേൺ റേഞ്ച് അഡീഷണൽ സി.പി. സാഗർ സിങ് പറഞ്ഞു.

200-ലേറെ കർഷക സംഘടനകളാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്. പ്രതിഷേധം ഒഴിവാക്കാനായി സർക്കാർ നടത്തിയ അവസാനവട്ട ചർച്ചകളും കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ തങ്ങളുടെ ആവശ്യങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്ന് കർഷക നേതാവ് സർവാൻ സിങ് പൻധർ പറഞ്ഞു. പഞ്ചാബിലേയും ഹരിയാണയിലേയും ജനങ്ങളെ കേന്ദ്രസർക്കാർ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തോളം കർഷകരാണ് മാർച്ചിൽ അണിനിരക്കുന്നത്. കേരളത്തിൽനിന്ന് അഞ്ഞൂറോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.