ഡെലിവറി റൈഡർമാരുടെ നിയമലംഘനം; ഒറ്റ ദിവസം കൊണ്ട് 1859 പേർക്ക് പിഴ: നടപടി കടുപ്പിച്ച് ബംഗളുരു പൊലീസ്

  1. Home
  2. Trending

ഡെലിവറി റൈഡർമാരുടെ നിയമലംഘനം; ഒറ്റ ദിവസം കൊണ്ട് 1859 പേർക്ക് പിഴ: നടപടി കടുപ്പിച്ച് ബംഗളുരു പൊലീസ്

police


ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ബംഗളുരു പൊലീസ്. ഇവരുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞിറങ്ങിയപ്പോൾ ഒറ്റ ദിവസം കൊണ്ട് പിഴ ലഭിച്ചത് 1859 പേർക്ക്. ആകെ 9.6 ലക്ഷം രൂപ ഇങ്ങനെ പിഴ ഈടാക്കിയെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചു. 

റോഡുകൾ സുരക്ഷിതമാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇ-കൊമേഴ്സ് ഡെലിവറി വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടിയിലായവയിൽ അധികവും. ഇവയിൽ തന്നെ റോഡിലിറക്കാൻ രജിസ്ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത മൈക്രോ മൊബിലിറ്റി വാഹനങ്ങളുടെ നിയമ ലംഘനങ്ങളാണ് കൂടുതലും കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ ഓടിക്കുന്നവർക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത സാഹചര്യമുണ്ടെന്നാണ് കണ്ടെത്തൽ. രജിസ്ട്രേഷനും ലൈസൻസും വേണ്ടാത്ത ഈ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമറ്റും ആവശ്യമില്ല.

പിടിയിലായവരിൽ 79 പേർക്ക് ഫൂട്ട്പാത്തുകളിലൂടെ വാഹനം ഓടിച്ചതിനും 389 പേർക്ക് നോ എൻട്രി നിയമം തെറ്റിച്ചതിനുമാണ് പിഴ ലഭിച്ചത്. 354 പേരെ വൺ വേ തെറ്റിച്ച് വിപരീത ദിശയിൽ വാഹനം ഓടിച്ചതിന് പിടികൂടി. 209 പേർക്ക് സിഗ്നൽ തെറ്റിച്ച് നീങ്ങിയതിനാണ് പിഴ കിട്ടിയത്. ഹെൽമറ്റ് ധരിക്കാതെ പിടിയിലായവർ 582 പേരും അനധികൃത പാർക്കിങിന് പിഴ കിട്ടിയത് 98 പേർക്കുമാണ്. ഗതാഗത തടസ്സമുണ്ടാക്കിയതിന് 148 പേർക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി. നിയമങ്ങളെ സംബന്ധിച്ച് ധാരണയില്ലായിരുന്നു എന്നായിരുന്നത്രെ പിടിയിലായവരിൽ ഭൂരിഭാഗം പേരുടെയും മറുപടി. ഇവർക്ക് അര മണിക്കൂർ നീളുന്ന ബോധവത്കരണം നൽകുമെന്നും പൊലീസ് പറയുന്നു. 

ഏത് തരം വാഹനങ്ങളാണെന്നത് പരിഗണിക്കാതെ കർശനമായ നടപടികൾ നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് വേണ്ടാത്ത വാഹനം ഓടിക്കുന്നവർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ അവർക്ക് നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ചെറിയ വാഹനങ്ങൾ ഫൂട്ട്പാത്തുകളിൽ ഓടിക്കാമെന്നും കാൽനട യാത്രക്കാരെ പോലെ വൺ വേ തെറ്റിച്ച് പോവുന്നതിൽ പ്രശ്നമില്ലെന്നുമൊക്കെയാണ് പലരുടെയും ധാരണ. തോന്നിയ പോലെ റോഡിൽ ക്രോസ് ചെയ്യാറുമുണ്ട്. ഇവർക്കെല്ലാം വേണ്ട പരിശീലനം നൽകാനാണ് പൊലീസിന്റെ തീരുമാനം. പിഴ അടയ്ക്കാൻ കൈയിൽ പണമില്ലാതിരുന്ന 794 വാഹനങ്ങൾക്ക് നോട്ടീസ് നൽകി.