ജനാധിപത്യമല്ല, ഇന്ത്യയിലെ കോൺഗ്രസാണ് അപകടത്തില്ലെന്ന് സ്മൃതി ഇറാനി

  1. Home
  2. Trending

ജനാധിപത്യമല്ല, ഇന്ത്യയിലെ കോൺഗ്രസാണ് അപകടത്തില്ലെന്ന് സ്മൃതി ഇറാനി

smrithi


രാജ്യത്തെ ജനാധിപത്യമല്ല, പകരം കോൺഗ്രസ് പാർട്ടിയാണ് അപകടത്തിലായതെന്ന് കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം. വീട്ടിനുള്ളിലെ വഴക്കുകൾ പുറത്ത് പറയരുതെന്നാണ് കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നത്. എന്നാൽ ഇത് നേരെ തിരിച്ചാണ് രാഹുൽ ചെയ്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

പുറത്ത് പോയി വഴക്കിടരുതെന്നും വീട്ടിലുണ്ടായ വഴക്കുകൾ പുറത്ത് പറയരുതെന്നും എല്ലാ അമ്മമാരും കുട്ടികളെ പഠിപ്പിക്കാറുണ്ട്. എന്നാൽ എന്താണിവിടെ രാഹുൽ ഗാന്ധി ചെയ്തത്? ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്കിത് അംഗീകരിക്കാനാവില്ല. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നതിന് ഇടയ്ക്കാണ് ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നതെന്നും സ്മൃതി ഇറാനി വിമർശിച്ചു. 

2019 ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ താൻ അനായാസം വിജയിച്ചു. സത്യത്തിൽ ശക്തനായ എതിരാളിയേ അല്ലായിരുന്നു രാഹുൽ ഗാന്ധി. ത്രിപുര, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതുകൂടാതെ പുതിയ ഇന്ത്യയെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചിരുന്നു.