'നവീനെതിരെ കൈക്കൂലി ആരോപണ പരാതി ലഭിച്ചോ?'; വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്.പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നാണ് വിശദീകരണം.ടി വി പ്രശാന്ത് മുഖ്യമന്ത്രിക്കയച്ചുവെന്ന് അവകാശപ്പെടുന്ന കത്തിലെ പൂർണ്ണ വിവരങ്ങൾ വെച്ചായിരുന്നു വിവരാവകാശം നൽകിയത്.ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എൻ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്.എ ഡിഎം മരിച്ചതിനു പിന്നാലെയാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയതെന്ന പേരിൽ പരാതി പ്രചരിച്ചത്.
അതേ സമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചതിന് പിറകെയാണ് രണ്ടാം മൊഴി എടുപ്പ്. അന്വേഷണത്തിലെ വീഴ്ചകൾ മറക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്നാണ് ആക്ഷേപം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജി പരിഗണിക്കവെയാണ് കഴിഞ്ഞ ദിവസം കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചത്. ഇതിന് പിറകെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ടുള്ള നടപടികൾ. ഇന്നലെ കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് വീണ്ടും മൊഴിയെടുത്തത്. തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞതായി ഒക്ടോബർ 22 ന് കളക്ടർ നൽകിയ ആദ്യ മൊഴിയിൽ ഉണ്ടായിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്താനാണ് മൊഴി എടുത്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതികരിക്കാൻ ഇന്നും കളക്ടർ തയ്യാറായില്ല.