അദാനി വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നതിനെതിരെ 'ഇൻഡ്യ' മുന്നണിയിൽ ഭിന്നത രൂക്ഷം
സഭാനടപടികൾ തടസ്സപ്പെടുത്തി അദാനി വിഷയം ലോക്സഭയിൽ ഏറ്റെടുക്കുന്നതിനെച്ചൊല്ലി 'ഇൻഡ്യ' മുന്നണിയിൽ ഭിന്നത രൂക്ഷമായി തുടരുന്നു. വിഷയം ചർച്ച ചെയ്യുമ്പോൾ സഭാ നടപടികൾ തടസ്സപ്പെടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു.
ഏതെങ്കിലും വിഷയത്തിൽ സഭ തടസ്സപ്പെടുത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്നാണ് തൃണമൂൽ കോൺഗ്രസ് നിലപാട്. പാർലമെന്റിൽ 'ജനങ്ങളുടെ പ്രശ്നങ്ങളിൽ' പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉപനേതാവ് കക്കോലി ഘോഷ് ദസ്തിദാർ പറഞ്ഞു. അദാനി വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്ത തിങ്കളാഴ്ചത്തെ 'ഇൻഡ്യ' മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ്സ് പങ്കെടുത്തിരുന്നില്ല.