കേരളത്തിൽ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; വൃദ്ധ ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

  1. Home
  2. Trending

കേരളത്തിൽ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; വൃദ്ധ ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

digital arrest


കേരളത്തിൽ വീണ്ടും 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർക്കാണ് ഈ സൈബർ തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടമായത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത്. തട്ടിപ്പിന്റെ തുടക്കം, മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വൃദ്ധ ദമ്പതിമാരിലെ ഭാര്യയുടെ ഫോൺ നമ്പറിലേക്ക് വന്ന ഒരു കോളിലായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ അറിയിച്ചു.

ഇതിന്റെ ഭാഗമായി, അക്കൗണ്ടിലെ പണം റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി അവർ നിർദ്ദേശിക്കുന്ന ഒരു അക്കൗണ്ടിലേക്ക് കൈമാറണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷം പണം ഉടൻ തിരികെ നൽകുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് വയോധിക തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. തുടർന്ന്, ഭർത്താവിന്റെ അക്കൗണ്ടിലെ പണവും ഇതേ രീതിയിൽ നൽകി. ആകെ 1.40 കോടി രൂപയാണ് ഇരുവരും ചേർന്ന് കൈമാറിയത്. എന്നാൽ, പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് ദമ്പതിമാർക്ക് ബോധ്യപ്പെട്ടത്. തുടർന്ന്, ബന്ധുക്കൾ മുഖേന ഇവർ പോലീസിനെ സമീപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.