വളർത്തു നായയുമായി ഡോക്ടർ ആശുപത്രിയിലെത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

  1. Home
  2. Trending

വളർത്തു നായയുമായി ഡോക്ടർ ആശുപത്രിയിലെത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

  pet      dog  


പത്തനംതിട്ടയിൽ വളർത്തു നായയുമായി ഡോക്ടർ ആശുപത്രിയിലെത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആർഎംഒ ഡോ.ദിവ്യ രാജനാണ് വളർത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാൻ കഴിയില്ല. രോഗികളും ആരോഗ്യപ്രവർത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഡോക്ടർ വളർത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്.

ധാരാളം രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേയ്ക്ക് വളർത്തു നായയുമായി എത്തിയത് അനുചിതമാണെന്ന് വിമർശനമുയർന്നിരുന്നു. രോഗികൾക്ക് മാത്രമല്ല, വളർത്ത് നായയ്ക്കും ഇത് നല്ലതെന്നും ഡോക്ടർ എന്ന നിലയിൽ പോലും വേണ്ട ശ്രദ്ധ കൈക്കൊണ്ടില്ലെന്നും വിമർശനമുണ്ടായി. അവധി ദിവസം നായയെ വെറ്റിനറി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ഓഫീസിൽ എത്തിയതാണെന്നാണ് ഡോ. ദിവ്യ രാജൻ പ്രതികരിച്ചത്. ഗ്രൂമിങിനായി കൊണ്ടുപോയി മടങ്ങുമ്പോഴാണ് ആശുപത്രിയിൽ കയറിയത്. വാഹനത്തിൽ നായയെ ഇരുത്തി പോകാൻ കഴിയാത്തതു കൊണ്ടാണ് ഒപ്പം കൂട്ടിയതെന്നും ദിവ്യ രാജൻ പറഞ്ഞിരുന്നു.