ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രോസിക്യൂഷന്റെ 5 വാദങ്ങളും അംഗീകരിച്ച് കോടതി

  1. Home
  2. Trending

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രോസിക്യൂഷന്റെ 5 വാദങ്ങളും അംഗീകരിച്ച് കോടതി

sandeep dr vandana


ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ  പ്രതിയെ താലൂക്ക്‌ ആശുപത്രിയിലെത്തിച്ച് കത്രിക എങ്ങനെ കൈക്കലാക്കി എന്നതിനുൾപ്പെടെ തെളിവെടുക്കണം, സാക്ഷികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണം, പ്രതിയുടെ ശരീരത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി എന്നു കണ്ടെത്തണം, മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കണം, പ്രതിയുടെ മാനസികാരോഗ്യവും മാനസികസ്ഥിരതയും ഉറപ്പാക്കണം എന്നീ അഞ്ച് ആവശ്യങ്ങളാണ് സന്ദീപിനെ കസ്റ്റഡിയിൽ ലഭ്യമാക്കുന്നതിനായി പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ ഷൈല മത്തായി കോടതിക്കു മുന്നിൽ നിരത്തിയത്. പ്രതി കരുതിക്കൂട്ടി ചെയ്ത കൊലപാതകമല്ലെന്നും ആയുധം എവിടെനിന്നു ലഭിച്ചെന്ന്‌ പോലീസ് റിപ്പോർട്ടിൽ ഉള്ളതിനാൽ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.

സന്ദീപിന്റെ ശാരീരികാസ്വാസ്ഥ്യങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻതന്നെ ചികിത്സ നൽകാൻ നിർദേശിച്ചു. 17, 19 തീയതികളിൽ 15 മിനിറ്റാണ് അഭിഭാഷകനെ കാണാനായി കോടതി ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. സന്ദീപിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധവുമായെത്തി. സന്ദീപിന്റെ വക്കാലത്തേറ്റെടുക്കാൻ കൊട്ടാരക്കര കോടതിയിലെത്തിയ അഭിഭാഷകൻ വി.എ.ആളൂരിനെതിരേയും അവർ മുദ്രാവാക്യം വിളിച്ചു. പ്രതിയെ കോടതിയിൽ എത്തിക്കുന്നതിനുമുമ്പ് ഉമ്മന്നൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ് കരിങ്കൊടികാട്ടി പ്രതിഷേധിച്ചു. കോടതിക്കുമുന്നിൽ നടന്ന പ്രതിഷേധത്തിന് അനിതാ ഗോപകുമാർ, ബിന്ദു പ്രകാശ്, കൗൺസിലർ ബിജി ഷാജി, സുധാമണി എന്നിവർ നേതൃത്വം നൽകി.