അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയ ഗാസയിൽ നടത്തുന്നത് അനസ്തേഷ്യ നൽകാതെ: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

  1. Home
  2. Trending

അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയ ഗാസയിൽ നടത്തുന്നത് അനസ്തേഷ്യ നൽകാതെ: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

GAZA


ഗാസയിൽ അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്തേഷ്യ നൽകാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഗാസയിലെ ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു. വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കിൽ മാത്രമേ അതിജീവിക്കാൻ സാധിക്കൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. 500 ട്രക്ക് ഭക്ഷ്യവസ്തുക്കളെങ്കിലും വിതരണം ചെയ്യാൻ സാധിക്കണം. അതിർത്തിയിൽ മാത്രമല്ല, പലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. 16 ആരോഗ്യപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്.

അൽ ഷതി അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ ലബോറട്ടറി ടെക്നീഷ്യൻ മുഹമ്മദ് അൽ അഹെലിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇത്തരത്തിൽ നിരവധി ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്‌തേഷ്യയില്ലാതെ  ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക  പ്രയാസകരമാണെന്നും ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു. ഗാസ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഇതിനിടെ, അനിശ്ചിതകാലത്തേക്ക് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിനിടെയാണ് ഗാസയിലും സമാന നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.