'രാഹുലിനെപ്പോലെ പെരുമാറരുത്': എൻഡിഎ യോഗത്തില്‍ എം.പിമാരെ ഉപദേശിച്ച് മോദി

  1. Home
  2. Trending

'രാഹുലിനെപ്പോലെ പെരുമാറരുത്': എൻഡിഎ യോഗത്തില്‍ എം.പിമാരെ ഉപദേശിച്ച് മോദി

MODI NEW


പാർലമെന്റിൽ ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് കഴിഞ്ഞദിവസം മോദിക്കെതിരേയും ബി.ജെ.പിക്കേതിരേയും രാഹുൽ ആഞ്ഞടിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ന് നടക്കും. ഇതിൽ രാഹുലിന്റെ ആരോപണത്തിനും പ്രതിപക്ഷത്തിനുമുള്ള മറുപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം സഭ ചേരുന്നതിന് മുൻപേ സഖ്യകക്ഷി എം.പിമാരുടെ യോഗം ചേർന്ന് എൻ.ഡി.എ. യോഗത്തിൽ വെച്ച് എം.പിമാർക്ക് മോദി നിർദേശം നൽകുകയും ചെയ്തു.

'ലോക്സഭയിൽ രാഹുലിനെ പോലെ ആരും പെരുമാറരുത്' എന്ന് സഖ്യ കക്ഷികളിലെ എല്ലാ എം.പിമാർക്കും മോദി നിർദേശം നൽകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭയിൽ പ്രതിപക്ഷത്തിൽ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെയാണ് എൻ.ഡി.എ. സഖ്യത്തിന്റെ യോഗം എന്നതും ശ്രദ്ധേയമാണ്. ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ മറുപടി പറഞ്ഞേക്കും.

പ്രധാനമന്ത്രി എം.പിമാരോട് മാത്രമല്ല എല്ലാവരോടും സംസാരിക്കുമെന്നും ​ഗൗരവമായി എടുക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു എൻഡിഎ എംപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്പീക്കറോട് മുഖം തിരിച്ച് സംസാരിച്ചതും ചട്ടലംഘനം നടത്തിയതും എൻഡിഎയിലെ അംഗങ്ങൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദമായി രാഹുൽ കേന്ദ്രത്തിനെതിരേ ശക്തമായി ആഞ്ഞടിച്ചിരുന്നു. അഗ്നിവീർ, നീറ്റ്, മണിപ്പൂർ, കർഷക സമരം, വിലക്കയറ്റം, ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമം തുടങ്ങി ഓരോ വിഷയങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ട് ഒന്നര മണിക്കൂറോളം രാഹുൽ ലോക്സഭയിൽ പ്രസംഗിച്ചു. ഇത് ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.