ജഡ്ജിയായുള്ള 23 വർഷത്തിനിടെ ആരും ഇടപെട്ടിട്ടില്ല; സർക്കാരിന്റെ സമ്മർദവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

  1. Home
  2. Trending

ജഡ്ജിയായുള്ള 23 വർഷത്തിനിടെ ആരും ഇടപെട്ടിട്ടില്ല; സർക്കാരിന്റെ സമ്മർദവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

dy


ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രിയുമായി ഏറ്റുമുട്ടലിനില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. പോരായ്മകൾ ഉണ്ടെങ്കിലും കൊളീജിയം നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്, ബാഹ്യശക്തികളുടെ സമ്മർദങ്ങളിൽനിന്ന് അതിനെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന്റെ കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘ഒരു സംവിധാനവും 100 ശതമാനം പിഴവറ്റതാണെന്നു പറയാനാകില്ല. പക്ഷേ, കൊളീജിയം സംവിധാനം നിലവിൽ ലഭ്യമായതിൽവച്ച് ഏറ്റവും മികച്ചതു തന്നെയാണ്. നീതിന്യായ വ്യവസ്ഥയുടെ സമ്പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് വളരെ സുപ്രധാനമാണ്. നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായിരിക്കണമെങ്കിൽ അതിനെ ബാഹ്യ സമ്മർദങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ട്’ – ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

‘കാഴ്ചപ്പാടുകളിൽ വ്യത്യസ്തത പുലർത്തുന്നതിൽ എന്താണ് തെറ്റ്? പക്ഷേ, ഇത്തരം വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഭരണഘടന ആധാരമാക്കി വിലയിരുത്താൻ മാത്രമേ എനിക്കു സാധിക്കൂ. കേന്ദ്ര നിയമമന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കക്ഷിചേരാൻ എനിക്കു താൽപര്യമില്ല. ഞങ്ങൾക്കിടയിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികം മാത്രം’ – ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം, കേസുകൾ പരിഗണിക്കുമ്പോൾ സർക്കാരിൽ നിന്ന് ഉൾപ്പെടെ യാതൊരുവിധ സമ്മർദങ്ങളും ഉണ്ടാകാറില്ലെന്നും ജസ്റ്റിസ് വിശദീകരിച്ചു. ‘‘ജഡ്ജിയെന്ന നിലയിലുള്ള എന്റെ 23 വർഷത്തെ ജീവിതത്തിനിടെ ഒരിക്കൽപ്പോലും കേസിന്റെ വിധി എപ്രകാരം പ്രസ്താവിക്കണമെന്ന് ആരും നിർദേശിച്ചിട്ടില്ല. സർക്കാരിൽനിന്നും യാതൊരു വിധ സമ്മർദവുമില്ല. തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട ഉത്തരവു തന്നെ കോടതികൾക്കു മേൽ അത്തരം സമ്മർദങ്ങളില്ല എന്നതിനു തെളിവല്ലേ?’ – ചീഫ് ജസ്റ്റിസ് ചോദിച്ചു.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും സർക്കാർ തനിച്ചു തീരുമാനിക്കുന്ന രീതിക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിരാമമിട്ടിരുന്നു. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾ‍പ്പെട്ട സമിതിയാകും ഇനിമുതൽ തിരഞ്ഞെടുപ്പ് കമ്മിഷർമാരുടെ നിയമനത്തിൽ തീരുമാനമെടുത്ത് രാഷ്ട്രപതിക്ക് കൈമാറുക. നേരത്തെ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരമായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള പാർലമെന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.