പൊതുപണം ഉപയോഗിച്ച് മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

  1. Home
  2. Trending

പൊതുപണം ഉപയോഗിച്ച് മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

sc


പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകൾ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.

പൊതു ഖജനാവിൽ നിന്നും പണം ഉപയോഗിച്ച് മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കാൻ എന്തിനാണ് പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ വെജിറ്റബിൽ മാർക്കറ്റിന് സമീപം മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു ഡിഎംകെ സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പൊതുസ്ഥലങ്ങളിൽ പ്രതിമകളും മറ്റും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി കമാനം നിർമ്മിച്ചിട്ടുണ്ടെന്നും, ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അതിനാൽ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി കൂടി നൽകണമെന്നും തമിഴ്‌നാട് സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അപ്പോഴാണ് മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളെ ഗ്ലോറിഫൈ ചെയ്യാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.