പി ടി സെവനൊപ്പം മറ്റൊരു ആന ഉണ്ടായിരുന്നതിനാലാണ് ദൗത്യം വൈകിയത്;ഡോ അരുണ്‍ സക്കറിയ

മിഷന്‍ പി ടി സെവന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. പി ടി സെവനൊപ്പം മറ്റൊരു ആന ഉണ്ടായിരുന്നതിനാലാണ് ദൗത്യം വൈകിയത്. പി ടി സെവന്‍ കൊമ്പനെ കുങ്കിയാനയാക്കുമെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
പി ടി സെവനൊപ്പം മറ്റു രണ്ട് ആനകളുമുണ്ടായിരുന്നു. അവരില്‍ നിന്നും പി ടി സെവനെ മാറ്റിയത് വളരെ ശ്രമകരമായാണ്. ആനയ്ക്ക് മൂന്നു തവണ മയക്കുവെടി വെച്ചു. രാവിലെ 7.03 ഓടെയാണ് ആദ്യ മയക്കുവെടി വെച്ചത്. രണ്ടാമത്തെ മയക്കുവെടി 8.30 നാണ്. മയക്കുവെടിയേറ്റ ആന കുറച്ചു ദൂരം ഓടി.
100 മീറ്ററോളം ഓടിയാണ് ആന നിന്നത്. മയക്കം വിട്ടുണര്‍ന്നതിനെത്തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കിയ ശേഷമാണ് പി ടി സെവനെ ലോറിയില്‍ കയറ്റിയത്. പിടികൂടിയ കാട്ടുകൊമ്പനെ കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടന്‍ തുടങ്ങുമെന്നും ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 75 അംഗ ദൗത്യസംഘമാണ് പിടി സെവനെ തളയ്ക്കാനുള്ള ഓപ്പറേഷനില്‍ പങ്കെടുത്തത്.
ധോണിയില്‍ യൂക്കാലിപ്റ്റസ് തടി കൊണ്ട് പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ പി ടി സെവന്‍ എന്ന കൊമ്പനെ അടച്ചു. ആനയ്ക്ക് ധോണി എന്ന പേരും വനംവകുപ്പ് നല്‍കി. മൂന്നുമാസത്തോളം ആനയെ കര്‍ശന നിരീക്ഷണത്തിന് വിധേയനാക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പിടികൂടിയ പി ടി സെവനെന്ന കാട്ടുകൊമ്പനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.