ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ, റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  1. Home
  2. Trending

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ, റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

dr haris chirakkal


തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാലംഗ സമിതിയാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാർ, ഡോ. എസ് ഗോമതി, ഡോ. എ രാജീവൻ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ.

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ ഉയർത്തിയ ആരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ കുറ്റപ്പെടുത്തിയിരുന്നു.

മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും കിട്ടേണ്ടതാണെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കേരളാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനും (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു. കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കെജിഎംസിടിഎ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.