'അലറിവിളിച്ചാൽ പോലും കേൾക്കാൻ ആരുമുണ്ടാകില്ല; ഞങ്ങളെ കാത്തിരിക്കുന്ന അച്ഛനുമമ്മയുമുണ്ട്': ഡോ.ജാനകി

  1. Home
  2. Trending

'അലറിവിളിച്ചാൽ പോലും കേൾക്കാൻ ആരുമുണ്ടാകില്ല; ഞങ്ങളെ കാത്തിരിക്കുന്ന അച്ഛനുമമ്മയുമുണ്ട്': ഡോ.ജാനകി

dr janaki


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കേരളം മുക്തമായിട്ടില്ല. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വന്ദനയും ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സ്വന്തം ജോലി ചെയ്യാൻ പോലുമുള്ള സുരക്ഷിതത്വം ലഭ്യമല്ലാത്ത സാഹചര്യത്തെക്കുറിച്ച് നിരവധി ഡോക്ടർമാർ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ ഡോ.ജാനകി ഓംകുമാർ.

പലപ്പോഴും നൈറ്റ് ഡ്യൂട്ടികളിൽ ഹൗസ് സർജന്മാർ ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും തിരക്കൊഴിയുന്ന സമയത്ത് പോലും ഇരിക്കുന്ന മേശയിൽ തലവച്ചുറങ്ങാൻ ഭയമാണെന്നും ജാനകി പറയുന്നു. ഒന്ന് അലറിവിളിച്ചാൽ പോലും കേൾക്കാൻ ആരുമുണ്ടാകില്ല. വരുന്ന രോ​ഗികളുടെ ക്ഷേമം അത്ര പ്രധാനമായതുകൊണ്ടാണ് അരക്ഷിതാവസ്ഥകളിലും ജോലി ചെയ്യുന്നത്. സ്വന്തം ജോലി പേടിച്ച് ചെയ്യുന്ന അവസ്ഥയാണ്. സ്കൂളിലും ഓഫീസിലുമൊക്കെ ആരെങ്കിലും ആക്രമിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ എന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടർച്ചയായി ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും ജാനകി പറയുന്നു.

''മുന്നിലെത്തുന്ന രോ​ഗി മാനസികരോ​ഗിയാണോ, മദ്യപാനിയാണോ, പ്രതിയാണോ എന്നൊന്നും നോക്കാറില്ല. തങ്ങളെ സംബന്ധിച്ചിടത്തോളം അവർ രോ​ഗികളാണ്. പച്ചയായ മനുഷ്യരാണ്. അവരെ ചികിത്സിക്കുക എന്നതു മാത്രമേ ലക്ഷ്യമുള്ളു. വിശപ്പും വിയർ‌പ്പും ചോരയുമൊക്കെയുള്ള പച്ചയായ മനുഷ്യരാണ് ഡോക്ടർമാരും. അടികൊണ്ടാൽ വേദനിക്കുന്നവരാണ്. തിരിച്ചു പോകുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന അച്ഛനും അമ്മയും വീട്ടിലുണ്ട്. ഡ്യൂട്ടിക്ക് പോകും മുമ്പ് വന്ദനയും വീട്ടിലേക്ക് വിളിച്ചിരുന്നിരിക്കാം. പക്ഷേ കാലത്ത് വെള്ളത്തുണിക്കെട്ടായി മകളെ കാണുന്ന വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കണം.''

എല്ലാവരും ദയവുചെയ്ത് തങ്ങളുടെ കൂടെ നിൽക്കണമെന്നും ഡോക്ടർമാർക്കെതിരെ പരാതി ഉണ്ടെങ്കിൽ അവ നൽകുകയാണ് വേണ്ടതെന്നും ശാരീരികമായി ആക്രമിക്കരുതെന്നും ജാനകി പറയുന്നു.

ഒരു ഡോക്ടർ ഒരു രോഗിയോട് പറയുന്നതല്ല മറിച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് പറയുന്നവയാണ് ഇതെന്നും മനസിലാക്കി കൂടെ നിൽക്കണം എന്നും ജാനകി പറയുന്നുണ്ട്.