ബ്രഹ്മപുരത്ത് ഡയോക്സിനുകളെ കുറിച്ച് പഠനം നടത്തണമെന്ന് ഡോ.കെ.പി.അരവിന്ദൻ

  1. Home
  2. Trending

ബ്രഹ്മപുരത്ത് ഡയോക്സിനുകളെ കുറിച്ച് പഠനം നടത്തണമെന്ന് ഡോ.കെ.പി.അരവിന്ദൻ

Brahmapuram waste plant fire


ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുറത്തുവന്ന ഡയോക്സിനുകളെയും സമാനമായ മറ്റു രാസപദാർഥങ്ങളെയും കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യവിദഗ്ധനും കോഴിക്കോട് മെ‍ഡിക്കൽ കോളജിലെ മുൻ പ്രഫസറുമായ ഡോ.കെ.പി.അരവിന്ദൻ. സംഭവസ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ മണ്ണിലും വെള്ളത്തിലും, അവിടെ താമസിക്കുന്ന ആളുകളുടെ രക്തം, മുലപ്പാൽ എന്നിവയിലും ഡയോക്സിൻ‍ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തണം. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന അളവിൽ ഈ മാലിന്യം ഉണ്ടോയെന്ന് ഇതിലൂടെ അറിയാൻ കഴിയും. ഈ ടെസ്റ്റ് ചെയ്യുന്ന അംഗീകൃത സ്ഥാപനമാണ് തിരുവനന്തപുരത്തെ സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി. 

തീപിടിത്തം മൂലം പുറത്തുവന്ന രാസപദാർഥങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ തന്നെ കണ്ടെത്തി രേഖപ്പെടുത്തിയില്ലെങ്കിൽ, പിന്നീട് കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളും ശ്വാസകോശരോഗങ്ങളും തീപിടിത്തം മൂലമാണെന്ന് പറയുമെന്ന് ഡോ.അരവിന്ദൻ പറഞ്ഞു. ഒരു പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂറ്റന്റ് (പിഒപി) ആയ ഡയോക്സിന് അന്തരീക്ഷത്തിലും മനുഷ്യ-ജന്തു ശരീരങ്ങളിലും ദീർഘനാൾ നിൽക്കാൻ കഴിയും. മാലിന്യം കത്തുന്നതിലൂടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ രോഗം വർധിച്ചാലും ഇല്ലെങ്കിലും അന്തരീക്ഷത്തിലെ ഡയോക്സിന്റെ അളവ് കുറയ്ക്കാനുള്ള ദീർഘകാല പദ്ധതികൾ നടപ്പിലാക്കണം. ഇതിനിടെ രോഗഭീതി പെരുപ്പിച്ചു കാട്ടി സാധാരണക്കാരുടെ മാനസികാരോഗ്യം തകർക്കുന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ തടയുന്നതിനായി സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.