അരമണിക്കൂർ സന്ദീപിന്റെ ആക്രമം; ഡോ. വന്ദന കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  1. Home
  2. Trending

അരമണിക്കൂർ സന്ദീപിന്റെ ആക്രമം; ഡോ. വന്ദന കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

sandeep dr vandana


ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിക്കു കൈമാറി. കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിൻ ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതും, ഇതിനിടെ വന്ദന കുഴഞ്ഞു വീഴുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് ഷിബിനും മറ്റുള്ളവരും സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി വന്ദനയെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്നത്. 

പുലർച്ചെ 4.30 നാണ് വൈദ്യപരിശോധനക്ക് വേണ്ടി പ്രതിയായ സന്ദീപ് കാഷ്വൽറ്റിയിലേക്ക് എത്തുന്നത്. ഇതിനു ശേഷം അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സന്ദീപിന്റെ അക്രമമായിരുന്നു. കാഷ്വൽറ്റിയുടെ വരാന്തയിലും അതിനു പുറത്തുമുള്ള രണ്ടു സിസിടിവി ദൃശ്യങ്ങളിലാണ് സന്ദീപിനെയും പോലീസിനെയും കാണുന്നത്. കുത്തേറ്റ് ഹോം ഗാർഡ് അലക്സ്കുട്ടി, പൊലീസ് ഉദ്യോഗസ്ഥൻ മണിലാൽ എന്നിവർ ആശുപത്രിക്കു പുറത്തേക്കോടുന്നതും ദൃശ്യങ്ങളിലുണ്ട്. അകത്തു നടന്നതൊന്നും വ്യക്തമല്ല.

ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയുടെ കയ്യിൽ പിടിച്ചു ഡോ. ഷിബിൻ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. എന്നാൽ ഇതിനിടെ ആശുപത്രി പടിക്കൽ വെച്ച് ഡോ.വന്ദന കുഴഞ്ഞു വീഴുന്നുണ്ട്. മിനിറ്റുകൾക്കുള്ളിൽ പൊലീസ് ജീപ്പിൽ കയറ്റി ഡോ.വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപ്പോയി. ഇതിനിടെ ചോരപുരണ്ട കത്രികയുമായി അടഞ്ഞു കിടക്കുന്ന ആശുപത്രി കവാടത്തിലൂടെ സന്ദീപ് നിരീക്ഷിക്കുന്നുണ്ട്. കത്രികയിലെ ചോര പൈപ്പ് വെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷമാണ് ഉപേക്ഷിച്ചത്. ഉടനെ ആംബുലൻസ് ഡ്രൈവർ രാജേഷ് സന്ദീപിനെ പിറകിൽ നിന്നു കീഴ്‌പ്പെടുത്തുന്നു. പിന്നീട്  പൊലീസും അവിടെയുണ്ടായിരുന്നവരും ചേർന്നു തറയിലിട്ടു കൈകൾ പിന്നിലേക്കാക്കിയാണ് പ്രതിയെ പിടികൂടിയത്.

സന്ദീപിനെ ഭയന്നു മുറിയിലൊളിച്ച ജീവനക്കാരി ഫോണിൽ ആരെയോ വിളിക്കുന്നതും പിന്നാലെ രണ്ടു ജീപ്പുകളിലായി സംഭവ സ്ഥലത്തേക്ക് കൂടുതൽ പോലീസുകൾ എത്തുന്നുമുണ്ട്. സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാരെ ഡോ.വന്ദനയ്ക്കു കുത്തേറ്റതിനു ശേഷമാണ് പിന്നെ കാണുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.