തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

  1. Home
  2. Trending

തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

drdo


ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം (ഐഎഡിഡബ്ല്യുഎസ്) വ്യോമപ്രതിരോധ സംവിധാനമാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്. ഒഡീഷയിലായിരുന്നു ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ പരീക്ഷണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ഒഡീഷ തീരത്ത് നടന്ന പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളിൽപ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്ന് അധികൃതർ അറിയിച്ചു. ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈലുകൾ (ക്യൂആർഎസ്എഎം), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (വിഎസ്എച്ച്ഒആർഎഡിഎസ്) മിസൈലുകൾ, പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (ഡിഇഡബ്ള്യു) എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഡിആർഡിഒ വികസിപ്പിച്ച പുതിയ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനത്തിൽ ഉള്ളത്.

പരീക്ഷണ ഘട്ടത്തിൽ എല്ലാ ആയുധ സംവിധാന ഘടകങ്ങളും കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവർത്തനം നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാണെന്നും അധികൃതർ അറിയിച്ചു. ഡ്രോണുകൾ, ശത്രുരാജ്യങ്ങളുടെ മറ്റു വ്യോമ ഭീഷണികൾ എന്നിവയുൾപ്പെടെ വ്യോമപ്രതിരോധ സംവിധാനത്തിന് തകർക്കാൻ സാധിക്കും. 300 മീറ്റർ മുതൽ ആറ് കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഈ ആയുധ സംവിധാനത്തിന് നിർവീര്യമാക്കാൻ കഴിയും. 

ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന പ്രതിരോധ കവചമായ ‘മിഷൻ സുദർശൻ ചക്ര’യിലേക്കുള്ള ചവിട്ടുപടിയായി ഐഎഡിഡബ്ല്യുഎസിനെ കണക്കാക്കാമെന്നാണ് മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞർ പറയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മിഷൻ സുദർശൻ ചക്ര’ പ്രഖ്യാപിച്ചത്. തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നതോടെ, പ്രതിരോധ മേഖലയിൽ വിദേശ സംവിധാനങ്ങളെ ആശ്രയിക്കുന്നത് വഴി കുറയ്ക്കാൻ സാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.