മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ; കാരിയർ ആയി ഉപയോഗിച്ചിരുന്നത് മലയാളി വിദ്യാർത്ഥികളെ

മയക്കുമരുന്ന് വ്യാപാരി ബാഗ്ലൂർ കോറമംഗലം സ്വദേശി മുഹമദ് തമീം (29) അറസ്റ്റിൽ. 81 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘവും കസബ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ. ജഗ്മോഹൻ ദത്തന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഇയാളെ പിടികൂടിയത്.
കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. 10 മാസം മുമ്പ് ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കേസിലും പ്രതിയായിരുന്നു. വിദേശികളിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ വാങ്ങി മലയാളികൾക്ക് വിറ്റിരുന്നത്. പൊലീസ് പിടിയിലാകാതിരിക്കാൻ വാട്ട്സാപ്പ് വഴി ആയിരുന്നു കച്ചവടം.
ബാഗ്ലൂരിലെത്തുന്ന മലയാളി വിദ്യാർത്ഥികളെ ഇയാൾ മയക്കുമരുന്ന് നൽകി കാരിയറാക്കാറുമുണ്ട്. ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂർ, സനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷൻ എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, സി.പി മുഹമദ് സിയാദ്, ഒ. രഞ്ജിത്ത്, കസബ എസ്.ഐ ആർ. ജഗ് മോഹൻ ദത്തൻ, എസ്.ഐ സുധീഷ്, ജംഷാദ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.