മദ്യപിച്ച് സ്ത്രീയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

മദ്യപിച്ച് വനിതാ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാറിനെയാണ് പിരിച്ചു വിട്ടത്. ഇയാളെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ വെച്ച് പോലീസ് അറസ്റ് ചെയ്തിരുന്നു. ഒരു രീതിയിലും ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി സ്വീകരിച്ചെന്നും റെയില്‍വേ മന്ത്രി സംഭവത്തിൽ പ്രതികരിച്ചു.
കൊല്‍ക്കത്ത-അമൃത്സര്‍ അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ട്രെയിനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ട്രെയിനിൽ എ1 കോച്ചില്‍ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. താഴത്തെ ബർത്തിൽ കിടക്കുകയായിരുന്ന സ്ത്രീയുടെ തലയിലേക്ക് മദ്യപിച്ചെത്തിയ മുന്നാ കുമാര്‍ മൂത്രമൊഴിക്കുയായിരുന്നു. സ്ത്രീ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സ്ത്രീകളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇതിലൂടെ അദ്ദേഹം റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ വിധിക്കണം. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു എന്നാണ് മുന്നാ കുമാറിന് റെയില്‍വേ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നത്. സംഭവം ഉണ്ടായ ദിവസം ഇയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ട്രെയിനിലെ യാത്രികൻ ആയിരുന്നെന്നും പോലീസ് പറഞ്ഞു.