മാസപ്പടിയിൽ ഇ.ഡി അന്വേഷണം; കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി യൂണിറ്റ്

  1. Home
  2. Trending

മാസപ്പടിയിൽ ഇ.ഡി അന്വേഷണം; കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി യൂണിറ്റ്

ed


മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയിൽ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോട്ടിസ് അയച്ചിരുന്നു. ഇടപാടുകളുടെ രേഖകളെല്ലാം 15ന് അകം ചെന്നൈ ഓഫിസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്. നിർദേശം പാലിക്കാതിരുന്നാൽ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. എക്‌സാലോജിക് സൊലൂഷൻസും കെഎസ്‌ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്എഫ്‌ഐഒ തുടർനടപടികളിലേക്കു കടന്നത്. കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണു നോട്ടിസ് ലഭിച്ചത്.