പ്രതീക്ഷിച്ച വിജയം നേടാനാകാതെ ബിജെപി; ദക്ഷിണേന്ത്യയിൽ ഇത്തവണയും വിജയ തിളക്കമില്ല

  1. Home
  2. Trending

പ്രതീക്ഷിച്ച വിജയം നേടാനാകാതെ ബിജെപി; ദക്ഷിണേന്ത്യയിൽ ഇത്തവണയും വിജയ തിളക്കമില്ല

Modi


ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. നാനൂറിന് മേൽ സീറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എൻഡിഎയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, ഉത്തർപ്രദേശ് അടക്കമുള്ള ഹിന്ദിഹൃദയഭൂമി മേഖലയിൽ തിരിച്ചടികളും നേരിടേണ്ടിവന്നു. മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനുമായില്ല.

ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി സ്വന്തം സ്വാധീനശേഷി നിലനിർത്തിയിട്ടുണ്ട്. ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, കർണാടക എന്നിവിടങ്ങളിലും ഭേദപ്പെട്ട നിലയാണുള്ളത്. മധ്യപ്രദേശിലെ 29 സീറ്റുകളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ലീഡ് ചെയ്യുകയാണ്. കർണാടകയിൽ 28 സീറ്റുകളിൽ 18 ഇടത്ത് എൻഡിഎ മുന്നിട്ടുനിൽക്കുന്നു. ഗുജറാത്തിലെ 26 സീറ്റുകളിൽ 25 ഇടത്തും എൻഡിഎയ്ക്ക് മുന്നേറ്റമുണ്ട്. ഛത്തീസ്ഗഢിലെ 11-ൽ പത്ത് സീറ്റിലും ഡൽഹിയിലെ ഏഴിൽ ഏഴ് സീറ്റിലും എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നു.

ഹരിയാനയിലെ പത്ത് സീറ്റുകളിൽ അഞ്ചുവീതം സീറ്റുകളിൽ കോൺഗ്രസും ബിജെപിയും മുന്നിട്ടുനിൽക്കുന്നു. രാജസ്ഥാനിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചില്ല. 14 സീറ്റുകളിൽ മാത്രമേ ബിജെപിക്ക് ലീഡുള്ളൂ. എട്ടുസീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്. ബിഹാറിൽ ബിജെപി-ജെഡിയു-എൽജെപി സഖ്യം 19 ഇടങ്ങളിൽ ശക്തമായ നിലയിലാണ്. ആർജെഡി-കോൺഗ്രസ്-സിപിഎം (എൽ) സഖ്യം ഒമ്പത് സീറ്റുകളിലാണ് ലീഡ്ചെയ്യുന്നത്.

ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകൾ പിടിച്ച് ബിജെപിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 35 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി മുന്നിട്ടുനിൽക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ടുനിൽക്കുന്നത് 34 സീറ്റുകളിലാണ്. എൻഡിഎയിലെ മറ്റു കക്ഷികളായ ആർഎൽഡിയും എപിയും ഓരോ സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 

ഉത്തർപ്രദേശ് കഴിഞ്ഞാൽ ബിജെപിക്ക് തിരിച്ചടിയുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര.  ആകെയുള്ള 48 സീറ്റുകളിൽ 29 സീറ്റുകളിലും ഇന്ത്യ സഖ്യം മുന്നേറുകയാണ്. ശിവസേന ഉദ്ധവ് താക്കറെ പക്ഷം 10 സീറ്റുകളിലും കോൺഗ്രസ് 11 സീറ്റുകളിലും എൻസിപി ഏഴ് ലീഡ് നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് 18 സീറ്റുകളിലാണ് ലീഡ്. ബിജെപി 11 സീറ്റുകളിലും അജിത് പവാർ വിഭാഗം എൻസിപി ഒരു സീറ്റുകളിലും ബിജെപി ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.

നിയസഭാ തിരഞ്ഞെടുപ്പുകൂടി നടന്ന ആന്ധ്രാ പ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്തേക്കുപോകുകയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിക്കുകയും ചെയ്തു എന്നതാണ് നിർണായകമായ മറ്റൊരു ഫലം. ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 157-ലും എൻഡിഎ സഖ്യം വിജയത്തിലേക്ക് നീങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളിൽ 16ലും ടിഡിപി മുന്നേറുകയാണ്. ബിജെപി മൂന്നിലും ജെഎൻപി രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. 

പശ്ചിമബംഗാളിൽ 42 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 29 സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടി. ബിജെപിക്ക് 12 സീറ്റുകളാണ് ലഭിച്ചത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയ്ക്ക് ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ ഏഴ് ലക്ഷത്തിലധികം ഭൂരിപക്ഷമാണുള്ളത്. സാമുദായക സംഘർഷങ്ങൾ അരങ്ങേറിയ മണിപ്പുരിലെ രണ്ട് സീറ്റുകളും കോൺഗ്രസിന് ലഭിച്ചു. 

നാനൂറ് സീറ്റ് മറികടക്കുന്നതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കടന്നുകയറാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കർണാടകയിൽ ഭേദപ്പെട്ട പ്രകടനം ഒഴിച്ചാൽ കാര്യമായ നേട്ടമുണ്ടാക്കാൻ എൻഡിഎയ്ക്ക് സാധിച്ചില്ല. കേരളത്തിൽ നടൻ സുരേഷ് ഗോപിക്ക് ഒരു സീറ്റ് നേടാനായി എന്നത് ആശ്വാസം നൽകുന്നതാണെങ്കിലും തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച ഫലത്തിന് സമീപത്തെങ്ങും എത്താൻ ബിജെപിക്കായില്ല. അണ്ണാമലൈ അടക്കം എല്ലാ എൻഡിഎ സ്ഥാനാർഥികളും പരാജയപ്പെട്ടു.