സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നു; തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതിയിൽ വിശദീകരണം തേടി കളക്ടർ

  1. Home
  2. Trending

സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നു; തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതിയിൽ വിശദീകരണം തേടി കളക്ടർ

thomas


പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ടി.എം. തോമസ് ഐസക്കിന് എതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണം. ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ്. നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐസക്കിനോട് വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമനാണ് കളക്ടർക്ക് പരാതി നൽകിയത്.

സംസ്ഥാന സർക്കാർ സ്ഥാപനമായ കെ- ഡിസ്‌കിന്റെ നിരവധി ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി. കെ- ഡിസ്‌കിലെ കൺസൾട്ടന്റുകൾ, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകൾ കയറി യുവാക്കൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതായാണ് ആരോപണം. 50,000 പേർക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തതായി തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 40 കെ- ഡിസ്‌ക് ജീവനക്കാരെ തൊഴിൽ സ്‌കിൽ വികസനം എന്ന വ്യാജേന പ്രചാരണത്തിന് ഉപയോഗിക്കുന്നതായും ഈ ജീവനക്കാർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലിരുന്ന് പ്രവർത്തിക്കുന്നതായും പരാതിയിൽ പറയുന്നു.