ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് വർധനവ് പ്രഖ്യാപിക്കും; ബോർഡ് ആവശ്യപ്പെട്ടത് 6.19 ശതമാനം വർധനവ്

  1. Home
  2. Trending

ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് വർധനവ് പ്രഖ്യാപിക്കും; ബോർഡ് ആവശ്യപ്പെട്ടത് 6.19 ശതമാനം വർധനവ്

kseb


അടുത്തമാസം പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ വൈദ്യുതി നിരക്ക് വർധനവ്  പ്രഖ്യാപിക്കും. അടുത്ത നാലുവർഷത്തേക്ക്‌ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അപേക്ഷ നൽകിയിരുന്നു. ഇതിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന അവസാന തെളിവെടുപ്പിൽ, നിരക്ക് വർധനയെ ഉപഭോക്താക്കൾ രൂക്ഷമായി എതിർത്തിരുന്നു. തെളിവെടുപ്പിനിടെ ഉയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാനായി  വെള്ളിയാഴ്ച വരെ കെ.എസ്.ഇ.ബി.ക്ക് കമ്മിഷൻ സമയം അനുവദിച്ചിട്ടുണ്ട്. 

എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വർധനവാണ് ബോർഡ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ വർഷം ഗാർഹിക മേഖലയിൽ മാത്രം 8.94 ശതമാനവും വൻകിട വ്യവസായങ്ങൾക്ക് 7.75 ശതമാനവും വർധനവ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർധനവിലൂടെ നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനം നേടാനാവുമെന്നാണ് ബോർഡ് ലക്ഷ്യം വെക്കുന്നത്.

സർക്കാർ സ്കൂളുകളുടെ അതേ വൈദ്യുത നിരക്ക് എയ്ഡഡ് സ്കൂളുകൾക്കും അനുവദിക്കണമെന്ന് എയ്ഡഡ് സ്കൂളുകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് കൂട്ടുന്നതിനെതിരേ ഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻ കേരള തെളിവെടുപ്പ് വേദിയുടെ പരിസരത്ത് ധർണ നടത്തി.

ഈ വർഷം വൈദ്യുതിനിരക്ക് യൂണിറ്റിന് ശരാശരി 41 പൈസയും അടുത്തവർഷം 31 പൈസയും 2025-’26-ൽ 17 പൈസയും 2026-’27-ൽ ഒരു പൈസയും വർധിപ്പക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം.