തെരുവുനായ ശല്യം തീർക്കും, എല്ലാ ഗ്രാമങ്ങളിലും വിദേശ നിലവാരമുള്ള മാർക്കറ്റുകൾ; യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ പൂർണ്ണമായും മുക്തമാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പത്രിക പുറത്തിറക്കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, സി.പി. ജോൺ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന വാഗ്ദാനങ്ങൾ:
-
തെരുവുനായ നിയന്ത്രണം: തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കും.
-
തൊഴിൽ ഉറപ്പാക്കൽ: തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. അയ്യങ്കാളി പദ്ധതിയിലും മഹാത്മാഗാന്ധി പദ്ധതിയിലും നൂറു തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തും.
-
കുടുംബശ്രീയുടെ നവീകരണം: കുടുംബശ്രീയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നു.
-
മാർക്കറ്റുകളുടെ ആധുനികവത്കരണം: എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാർക്കറ്റുകൾ വിദേശ രാജ്യങ്ങളിലുള്ളതുപോലെ ആധുനികവത്കരിച്ച് വൃത്തിയും വെടിപ്പും ഉറപ്പാക്കും.
-
പൊതു സൗകര്യങ്ങൾ: പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാ ഗ്രാമങ്ങളിലും ശ്മശാനങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്തുടനീളം പൊതു ഇടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കും.
-
യുവജന ക്ഷേമം: യുവതലമുറയെ മയക്കുമരുന്ന്-ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം എന്നിവ മുൻനിർത്തി പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
-
പാലിയേറ്റീവ് കെയർ: പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.
-
മാലിന്യ സംസ്കരണം, ടൂറിസം: ഹരിതകർമസേനയെ കൂടുതൽ കാര്യക്ഷമമാക്കും. ലോക്കൽ ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കും.
-
ദുരന്ത നിവാരണം: ദുരന്ത നിവാരണത്തിന് കൂടുതൽ അധികാരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും.
-
സാംസ്കാരിക വികസനം: സാംസ്കാരിക കേന്ദ്രങ്ങളെ വിപുലമാക്കാനും വായന പ്രോത്സാഹിപ്പിക്കാനും പ്രത്യേക പദ്ധതി രൂപീകരിക്കും.
-
തെരുവു വിളക്കുകൾ: തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ ഹെൽപ് ലൈൻ നമ്പർ ഉൾപ്പെടെയുള്ള പ്രത്യേക കർമ്മപരിപാടി നടപ്പിലാക്കും.
