ചെലവന്നൂർ കായൽ ഭൂമി കയ്യേറ്റം; ജയസൂര്യക്ക് സമൻസയച്ച് വിജിലൻസ് കോടതി

  1. Home
  2. Trending

ചെലവന്നൂർ കായൽ ഭൂമി കയ്യേറ്റം; ജയസൂര്യക്ക് സമൻസയച്ച് വിജിലൻസ് കോടതി

jayasoorya


കൊച്ചി ചെലവന്നൂർ കായൽ തീരത്തെ ഭൂമി കയ്യേറിയെന്ന കേസിൽ  നടൻ ജയസൂര്യക്ക് സമൻസയച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സമൻസ് അയച്ചത്. കോർപറേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും  ഡിസംബർ 29- ന്  നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.  കായൽ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു

ആറുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 13നാണ്  കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. കായൽഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. കയ്യേറുന്നതിന് കോർപറേഷൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഇതിൻറെ അടിസ്ഥാനത്തിൽ കോർപറേഷൻ ബിൽഡിംഗ് ഇൻസ്പക്ടറായിരുന്ന ആർ രാമചന്ദ്രൻ നായർ, അസിസ്റ്റൻറ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, നടൻ ജയസൂര്യ,  ബോട്ടുജെട്ടിയും ചുറ്റുമതിലും  രൂപകൽപന ചെയ്ത എൻഎം ജോസഫ് എന്നിവരെ പ്രതിചേർത്തു. ജയസൂര്യക്കൊപ്പം ഇവർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.  അതേ സമയം കോർപറേഷൻ മുൻ സെക്രട്ടറിയെയും സർവെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും കേസിൽ  പ്രതിചേർക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിൻറെ പരാതിയിൽ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിടുന്നത്. കായൽഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.