'കേസെടുത്തത് ധാർമികമായ നിലപാട്, സമാന പരാതിയിൽ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലലോ'; ഇപി ജയരാജൻ
നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സമാനമായ പരാതിയിൽ നേരത്തെ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിൻറെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്.
മുകേഷിനെതിരെ കേസെടുത്തത് ധാർമികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നൽകില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോൺഗ്രസ് എംഎൽഎമാർ സമാന പരാതിയിൽ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജൻ പ്രതികരിച്ചു.
അതേസമയം, കേസെടുത്തശേഷം മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് വിവരം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് മുകേഷ് സുഹൃത്തുക്കളെ അറിയിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ തന്നെ മുകേഷ് ഉണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചു.