‘ഗണേഷ് മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങൾ ഒന്നുമില്ല'; സ്പീക്കറെ മാറ്റുമെന്നത് അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജൻ

കെ.ബി.ഗണേഷ്കുമാർ എംഎൽഎ മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തുന്നതില്‍ സിപിഎമ്മിനു ഭിന്നതയുണ്ടെന്ന വാർത്തയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ പുനഃസംഘടന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
‘‘ഞങ്ങൾക്കാർക്കും അറിയാത്ത വാർത്തയാണിത്. ഇതു സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണ്. ഇടതുപക്ഷ മുന്നണിയോ, മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയോ സിപിഎമ്മോ ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലാത്ത വിഷയമാണിത്. 4 പാർട്ടികൾക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. ആ ധാരണയ്ക്കനുസരിച്ചാണു മുന്നണി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ മുൻപിൽ ഗണേഷ്കുമാർ മന്ത്രിയാകാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല. സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അദ്ദേഹം സ്പീക്കർ ആയിട്ട് ഒരു വർഷമല്ലേ ആയിട്ടുള്ളൂ. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.