'ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്'; ചിലത് തിളച്ച് ശരിപക്ഷത്ത് വരുമെന്ന് ഇപി ജയരാജൻ; പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

  1. Home
  2. Trending

'ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്'; ചിലത് തിളച്ച് ശരിപക്ഷത്ത് വരുമെന്ന് ഇപി ജയരാജൻ; പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Ep jayarajan


മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി ജയരാജൻ പറഞ്ഞു. ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോൺഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. 

മുസ്ലീം ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുകയെന്ന ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപിജയരാജൻറെ പ്രസ്താവന. ലീഗിലെ ചില നേതാക്കൾ എൽഡിഎഫിൽ വരുമെന്ന സൂചന നൽകികൊണ്ടായിരുന്നു ഇപി ജയരാജൻറെ പ്രസ്താവന. മുസ്ലീം ലീഗ് യുഡിഎഫിൽ ശക്തമായി തുടരുമെന്നും ഇതാണ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയെങ്കിലും ലീഗ് നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഇപി ജയരാജൻറെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. 

ലീഗിൻറെ ചരിത്രവും രീതികളും അറിയാത്തതുകൊണ്ടാണ് ഇപി ജയരാജൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിൽ ഒരു രീതിയാണുള്ളത്. അത് കാലാകാലങ്ങളായി തുടരുന്നതാണ്. ഏതു സ്ഥാനത്തിരുന്നാലും പാണക്കാട് തങ്ങൾമാർ പറയുന്ന അഭിപ്രായത്തിന് വിരുദ്ധമായി നിന്നിട്ടില്ല. ലീഗിന് ഒറ്റ നിലപാടെയുള്ളു ലീഗിൻറെ അവസാന വാക്ക് അതിൻറെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ്. അതിന് വ്യത്യസ്തമായി യാതൊരു അഭിപ്രായവും എനിക്കില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.