മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്; നിയമസഭാ അംഗത്വം രാജിവെച്ചു
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതിന് മുന്നോടിയായി അശോക് ചവാന്‍ മഹാരാഷ്ട്ര നിയമസഭാ അംഗത്വം രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇന്ന് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന്‍ രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാന്‍. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ സിദ്ദിഖുമാണ് പാര്‍ട്ടി വിട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ബി ചവാന്റെ മകനാണ് അശോക് ചവാന്‍.
വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.ഇതിനിടെ ജമ്മു കശ്മീര്‍ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും (എം.എല്‍.സി) മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായിരുന്ന ഡോ ഷെഹനാസ് ഗനായി ബി.ജെ.പി.യില്‍ ചേര്‍ന്നു.
ജമ്മു കാശ്മീരിന്റെ ചുമതലയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് തരുണ്‍ ചുഗ്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് തിങ്കളാഴ്ച ഷെഹനാസ് ഗനായി ബി.ജെ.പി.യില്‍ ചേര്‍ന്നത്.