സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിൻറെ റെയ്ഡിൽ 6 പേർ പിടിയിൽ

  1. Home
  2. Trending

സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിൻറെ റെയ്ഡിൽ 6 പേർ പിടിയിൽ

     illegal liquor 


ഡ്രൈ ഡേയിൽ അനധികൃത മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിൻറെ റെയ്ഡിൽ 6 പേർ പിടിയിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ അമരവിളയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 25.3 ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി ബിജു എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.എൽ.ആദർശും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.

തിരുവനന്തപുരം അമ്പലംമുക്കിൽ 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച പ്രഫുൽ രാജ്(42) എന്നയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ 13 ലിറ്റർ ചാരായവുമായി മഹേഷ് (29) എന്നയാളെയും എക്സൈസ് പിടികൂടി. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.അരുൺ കുമാറും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജോൺ സെബാസ്റ്റ്യൻ (44) എന്നയാളാണ് പിടിയിലായത്.

കൊട്ടാരക്കര പുത്തൂരിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. രാജപ്പൻ (56 ) എന്നയാളാണ് പിടിയിലായത്. എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാജൻ.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ.എസ്, കബീർ.എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ശരത്.പി.എസ്, ശ്രീജിത്ത്.എ.മിരാണ്ട, സിവിൽ എക്സൈസ് ഓഫീസർ രജീഷ്.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ.ബി എന്നിവരും പങ്കെടുത്തു. അതേസമയം ഒറ്റപ്പാലം എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദ കുമാറും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ 7 ലിറ്റർ ചാരായവുമായി ഒറ്റപ്പാലം അകല്ലൂർ സ്വദേശി സജയ് കുമാറിനെ (31) അറസ്റ്റ് ചെയ്തു.