അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും; 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും

  1. Home
  2. Trending

അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും; 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും

ARJUN


മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. മത്സ്യത്തൊ‌ഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു.

സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ.

എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂൺ ബ്രിഡ്ജുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനിൽനിന്ന് സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്താൻ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവൽ സംഘത്തിന് കഴിയുമെങ്കിൽ അവരെ കൊണ്ടുവരണം. യോഗ തീരുമാനങ്ങൾ നടപ്പിലാകണം. അക്കാര്യം ഇന്നത്തെ ഉന്നതതല യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.

നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്സ് (മണിക്കൂറിൽ 10 കിലോമീറ്റർ വേഗം) ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്സ് (മണിക്കൂറിൽ 6.4 കിലോമീറ്റർ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.