സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണത്തിലെ പൊട്ടിത്തെറി; 240 വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, സ്പേസ് എക്സിനെതിരെ അന്വേഷണം

  1. Home
  2. Trending

സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണത്തിലെ പൊട്ടിത്തെറി; 240 വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, സ്പേസ് എക്സിനെതിരെ അന്വേഷണം

space x


 

എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതില്‍ അന്വേഷണവുമായി അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്എഎ). സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറി 240 വിമാന സര്‍വീസുകള്‍ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിവന്നതായും എഫ്എഎ വ്യക്തമാക്കി. എന്തുകൊണ്ടാണ് സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചത് എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പേസ് എക്സിനോട് എഫ്എഎ ആവശ്യപ്പെട്ടു. സ്റ്റാര്‍ഷിപ്പിന് അടുത്ത പരീക്ഷണ പറക്കലിന് അനുമതി ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും.

ഏഴാം പരീക്ഷണ വിക്ഷേപണത്തിന് ശേഷം എട്ടാം പറക്കലിലും ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് കമ്പനിയുടെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) അവശിഷ്ടങ്ങള്‍ ബഹാമാസും ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ അന്തരീക്ഷത്തില്‍ തീജ്വാലയായി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിടാനും ഫ്ലോറിഡയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും എഫ്എഎ ഉത്തരവിടുകയായിരുന്നു. മിയാമി, ഫോര്‍ട്ട് ലൗഡർഡേൽ, പാം ബീച്ച്, ഒർലാൻഡോ എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് ഒരു മണിക്കൂറോളം നിര്‍ത്തിവച്ചത്.  

2025 മാര്‍ച്ച് ഏഴിന് ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് എട്ടാം പരീക്ഷണ വിക്ഷേപണത്തിനായി സ്റ്റാര്‍ഷിപ്പ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുള്ള റോക്കറ്റ് വിജയകരമായി വേര്‍പെട്ടെങ്കിലും വിക്ഷേപണത്തിന് 9 മിനിറ്റുകള്‍ക്ക് ശേഷം ഷിപ്പുമായി ഭൂമിയിലെ കണ്‍ട്രോള്‍ റൂമിനുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. എഞ്ചിനുകള്‍ പ്രവര്‍ത്തരഹിതമായതോടെ പൊട്ടിത്തെറി സംഭവിച്ചു. അതേസമയം ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം വിജയകരമായി ഭൂമിയിലെ യന്ത്രക്കൈയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ് നടന്ന സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിലും സമാന സംഭവങ്ങളാണ് നടന്നത്. അന്ന് ബൂസ്റ്റര്‍ വിജയകരമായി വായുവില്‍ മെക്കാസില്ല പിടികൂടിയപ്പോള്‍ ഷിപ്പ് ഭാഗം അഗ്നിക്കിരയായി.  

സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ ഒന്‍പതാം പരീക്ഷണത്തിന് മുമ്പ് സ്പേസും എക്സിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷനും ചേര്‍ന്ന് പരിശോധന പൂര്‍ത്തിയാക്കണം. നേരത്തെ ഏഴാം പരീക്ഷണത്തിന് ശേഷവും സ്പേസ് എക്സുമായി ചേര്‍ന്ന് അന്വേഷണം എഫ്എഎ നടത്തിയെങ്കിലും അന്തിമ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും എട്ടാം പരീക്ഷണ വിക്ഷേപണത്തിന് മുമ്പ് വരുത്തേണ്ട മാറ്റങ്ങള്‍ എഫ്എഎ നിര്‍ദേശിച്ചിരുന്നു. അതേസമയം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത പ്രത്യേക ലോഞ്ച് കോറിഡോറിലൂടെയാണ് സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തുന്നതെന്നും യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാവില്ല എന്നുമാണ് സ്പേസ് എക്സിന്‍റെ വാദം. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ റോക്കറ്റാണ് 121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ്.