തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനായിരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനായിരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പറയുമ്പോൾ തന്നെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ അഭിപ്രായത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുകയാണെന്നും മുസ്ലിം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. ഇക്കാര്യം പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രീനാരായണ ധർമം പഠിപ്പിക്കാൻ വരികയാണ്. പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ പരമ പന്നനാണ്. സതീശൻ കെ. സുധാകരനെ ഒതുക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മാന്യമായി കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് അയാൾക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
