രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം. ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം.
ബോംബ് സ്‌ഫോടനത്തില്‍ സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സിആര്‍പിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.