സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ്
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച് പോസ്റ്റിട്ട അജ്ഞാത പ്രൊഫൈലിനെതിരെ മുസ്‍ലിം ലീഗ് നൽകിയ പരാതിയിൽ മലപ്പുറം സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്തിടെ മാത്രം ആരംഭിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ആരോപണം ഉന്നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ പോസ്റ്റ് പങ്കുവെച്ച മറ്റ് സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും. വിവാദമായ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് സി.പി.എം സൈബർ ഹാൻഡിലായ അഫ്സൽ പാണക്കാടിനെ മാത്രമായിരുന്നു. എന്നാൽ, ഈ അക്കൗണ്ടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അഫ്‌സൽ പാണക്കാട് പ്രതികരിച്ചു.
സംഭവത്തിൽ രൂക്ഷവിമർശനവുമായി ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് കേസെടുത്തതിന് പിന്നാലെ വിവാദ പോസ്റ്റ് പിൻവലിക്കുകയും ബന്ധപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്.
