കുട്ടനാട്ടിലെ കർഷക ആത്മഹത്യ; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി ജി ആർ അനിൽ
കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.
കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല.
ഇതോടെ മനം മടുത്താണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റ് പറയുന്നു. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിൻ്റ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.