‘ഭീകരപ്രവർത്തനം അവസാനിപ്പിക്കണം; ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല': ഫാറൂഖ് അബ്ദുല്ല
ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
‘‘നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഞങ്ങൾ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല. പിന്നെന്തിനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളുടെ ഭാവി നശിപ്പിക്കാനാണോ? പാക്കിസ്ഥാൻ അവരുടെ രാജ്യത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന്റെ വികസനം, എങ്ങനെയൊക്കെ മെച്ചപ്പെടുത്താം തുടങ്ങിയവയായിരിക്കണം നോക്കേണ്ടത്. പാക്കിസ്ഥാൻ സ്വയം നശിക്കുകയാണ്. ഞങ്ങളെയും കൂടി വലിച്ചുതാഴെയിടാനാണ് ശ്രമം. ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നു. സൗഹൃദത്തിന്റെ പാത തേടണം. അതിനു കഴിഞ്ഞില്ലെങ്കിൽ അവർക്കുതന്നെയാണ് ബുദ്ധിമുട്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ ആക്രമണങ്ങളിൽ 20 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ സാധാരണക്കാരുണ്ട്, തൊഴിലാളികളുണ്ട്, മറ്റിടങ്ങളിൽനിന്നു വന്നു താമസിക്കുന്നവരുണ്ട്. ഡോക്ടറുണ്ട്. സൈന്യത്തിലെ പോർട്ടമാരുണ്ട്, സൈനികരുണ്ട്. ഇന്നലെ ഗുൽമാർഗിൽ നടന്ന ആക്രമണത്തിൽ മൂന്നു സൈനികരും രണ്ട് പോർട്ടർമാരും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 20ന് നടത്തിയ ആക്രമണത്തിൽ ഗന്ദേർബാലിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.’’ – ഫാറൂഖ് അബ്ദുല്ല പറഞ്ഞു.