എഫ്‌സിആർഎ ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയിൽ
രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും (NGOs) ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്‌സിആർഎ (FCRA) ഭേദഗതി ബില്ല് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോക്‌സഭയിൽ ചർച്ചയ്ക്ക് വരും. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. ബില്ലിനെതിരെ ബെന്നി ബഹനാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ ബില്ലിനെതിരെ സംസാരിക്കും. യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും.
എഫ്‌സിആർഎ നിയമലംഘനം ആരോപിച്ച് ഏതെങ്കിലും സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ, അവരുടെ ആസ്തികൾ കണ്ടുകെട്ടാൻ അധികാരമുള്ള ഒരു 'ഡെസിഗ്നേറ്റഡ് അതോറിറ്റിയെ' നിയമിക്കുന്നതാണ് പുതിയ ഭേദഗതി. വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ ഏറ്റെടുക്കാൻ ഈ അതോറിറ്റിക്ക് അധികാരം ലഭിക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും പ്രതിസന്ധിയിലാക്കുമെന്ന് സിബിസിഐ (CBCI) ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സഭ കത്തയച്ചിട്ടുണ്ട്.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് ഈ നിയമഭേദഗതി തിരിച്ചടിയായേക്കാം. തൃശൂർ മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ സഭകൾ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തുവന്നത് യുഡിഎഫും എൽഡിഎഫും പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
