ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള അക്രമികളുടെ പേര് പുറത്തുവിടണം: 'ഫെഫ്ക'

  1. Home
  2. Trending

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള അക്രമികളുടെ പേര് പുറത്തുവിടണം: 'ഫെഫ്ക'

fefka


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു. 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ സ്ഥിരീകരിച്ചത്. പരാതി നോര്‍ത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, രഞ്ജിത്തിനെതിരെ ഉടന്‍ നടപടി ഇല്ലെന്നും അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ മാത്രമായിരിക്കും നടപടിയെന്നുമാണ്‌ കഴിഞ്ഞ ദിവസം ഫെഫ്ക പ്രതികരിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തല്‍. ആരോപണത്തിന്റെ പേരിലും എഫ്ഐആര്‍ ഇട്ടതിന്റെ പേരിലും മാറ്റിനിര്‍ത്തില്ല. മുന്‍കാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. യുവതിരക്കഥാകൃത്ത് ആരോപണം ഉന്നയിച്ച സംവിധായകന്‍ വി.കെ. പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നാണ് ഫെഫ്ക അറിയച്ചത്.